Monday, August 31, 2015

മഷി



പേനയുടെ മഷി ഇന്നലെ തീര്‍ന്നു .
മഷി വാങ്ങണം
പക്ഷെ  നിറം...
നീല..?
പഴയ നിറങ്ങള്‍
ഇപ്പോള്‍ കിട്ടാറില്ലെന്ന് കടക്കാരന്‍
പച്ച, കാവി, മഞ്ഞ .. സുലഭം
ചുവപ്പ് വല്ലപ്പോഴും  കിട്ടിയാലായത്രേ 
അതും പഴയ പോലെ ചുമന്നതല്ല...
കറുപ്പ്  പേര്‍ഷ്യയില്‍ മാത്രമായെന്നും


ശംഘുപുഷ്പത്തിന്റെ നീല  രക്തവും
നിലവിളക്കിലെ മരോട്ടി കരിയും
കടുക്ക നീരും  കൂട്ടി
ഞാന്‍ ചേര്‍ത്ത മഷി ,
ആകാശം കാണാതെ
ഞാന്‍ കാത്ത  പീലി മുക്കി ...
എഴുതാനിരിക്കെ,

നെഞ്ചില്‍ തറഞ്ഞ
വെടിയുണ്ടയുടെ മുറിപ്പാടില്‍ നിന്നും
കിനിഞ്ഞു വരുന്നുണ്ടായിരുന്നു

നല്ല ചുവപ്പ് .....

Tuesday, April 29, 2014

നിറങ്ങള്‍

ജീവിതം രണ്ടായി പകുത്തു നോക്കി ഞാന്‍...
നിനക്കു  മുമ്പും
എനിക്ക്  ശേഷവും ....
നിറയെ നിറങ്ങള്‍ തിളച്ച മുന്‍ പകുതി.....
നിറങ്ങള്‍ മറഞ്ഞ   പിന്‍  പകുതി....
അവിടെ
നീ നിറഞ്ഞ...ഞാന്‍ മറഞ്ഞ വഴിയില്‍..
നീ എന്നെചെര്‍ത്തു പിടിച്ചു....
നിറയെ നീ നിറമായി...

ഞാനായ കാളക്കു മുമ്പില്‍ ചുവപ്പാവാതെ....
എന്‍റെ മഞ്ഞക്കാ മാലയില്‍ മഞ്ഞ ആകാതെ ....
നമ്മുടെ വഴികളില്‍ നിറഞ്ഞ പച്ചയായി.......
തിളച്ച സൂര്യന്‍റെ കീഴില്‍ കറുത്ത മേഘമായി...
കറുത്ത രാത്രിയില്‍..പാല്‍ നിലാവായി...
പിന്നെ
പേരറിയാത്ത ഒരുപാടു നിറങ്ങളായി..
നീ ........

എന്‍റെ പ്രണയമേ....
എല്ലാ നിറങ്ങളും ഒന്നിക്കുന്ന
നിറമില്ലായമയില്‍
ഞാന്‍ പെയ്തിറങ്ങഉമ്പോള്‍ ...
എന്റെ ജന്മത്തിന്റെ  ഭോഗമൂര്ധന്യത്തില്‍ .....
പത്താം നാളില്‍.. 
ശരശയ്യയില്‍ ഞാന്‍ ഭീഷ്മരാവഉമ്പോള്‍..
നീ എന്‍റെ കണ്ണില്‍ കറുപ്പായി പടരനെ
കറുപ്പായി തഴുകി നീ എന്നെ... ഉറക്കണേ...
.

കണക്കു പുസ്തകം

മഞ്ഞും മഴയും കര്‍ക്കിടവും,
കുളിരും തുമ്മലും,
രാസ്നാദി മണക്കുന്ന നിറുകയില്‍
പെയ്തിറങ്ങുന്ന വാത്സല്ല്യം
പെയ്തുവെള്ളത്തില്‍ കടലാസ് തോണി..
തകര ട്രങ്ക്..ടാല്കം പൌഡര്‍...
മാനം കാണാത്ത മയില്‍‌പീലി
മണ്‍കലത്തിന്റെ  ഭാഷ ....
ചീന ഭരണിയിലെ ഉപ്പുമാങ്ങ
സിലോണ്‍ പാട്ട്...
ഇതളുകള്‍ കൊഴിഞ്ഞ ഉണ്ണിപ്പൂ....
ചാണകം മണക്കുന്ന അടച്ച മുറിയില്‍
മൌനം പോലെ
മുനിയുന്ന
നിലവിളക്ക്   
തെച്ചിപ്പൂ..
നാക്കിലയില്‍ വാവട
ഓര്‍മയുടെ വാതില്‍ ചാരി 
നടന്നകന്ന മുഖങ്ങള്‍

നേടിയ നഷ്ടങ്ങളും
നഷ്ടമായ  നേട്ടങ്ങളും  
എണ്ണി എണ്ണി
നടക്കുവാന്‍ പോലും ആവാതെ  
ഞാനും ..

മറുപിറവി

എത്തിപിടിക്കുമോ....
നീ എന്നെ ?

ഒരു പാളി ജനലിന്റെ തുറവിയില്‍
പെയ്യുന്ന മഴയ്യായ്
നിലാവായി
ഗംഗാജലമായി  
പൊള്ളുന്ന മൌനമായി
ഇല്ലാത്ത ഓര്‍മയായി
മാംവിറകില്‍ പകരുന്ന അഗ്നിയായി
എള്ളും പൂവും ചന്ദനവും
നീറ്റിയ വറ്റായി...
പവിത്രതിലൂറുന്ന അവസാന തുള്ളിയായി
ഒടുവില്‍ ഒരു ചെമ്പട്ടു ചൂട്ടിയ
പച്ചമണ്‍ കുടമായി
മറയുന്ന നേരം

എത്തിപിടിക്കുമോ....
നീ എന്നെ ?
മരണത്തിനപ്പുറം
നിര്‍ന്നിദ്രമാകുന്ന പേറ്റുനോവായി
അമ്മയായി, പ്രണയമായി, മകളായി ?

ഉന്മൂലനം

ഉസൈന്‍ ബോള്‍ട്ട്‌.....
നീ വെടിയൊച്ച കാതോര്‍ത്തു,
സ്റ്റാര്‍ട്ട്‌ഇങ്ങ ബ്ലോക്കില്‍ കാല്‍ ചേര്‍ത്ത് നില്‍ക്കെ .....
ഞാന്‍ നിന്‍റെ  ഹൃദയത്തില്‍ ചൂണ്ടിയ  കാഞ്ചിയില്‍ വിരല്‍ ചേര്‍ത്ത് വച്ചു
നിന്‍റെ കുതിപ്പുകള്‍ എന്നെ,
പക്ഷെ തളര്‍ത്തിക്കളഞ്ഞു ......
അച്ഛന്റെ മാലയും രാമന്‍റെ മാലയും ധരിച്ചു നീ.....
എന്‍റെ കണ്ണ് കെട്ടി  ........
പിന്നെ ഞാന്‍ രാമന്‍റെ വേഷം അഴിച്ചു വെച്ചു.....
ബാലി ആയി വന്നു നിന്നെ പോരിനു വിളിച്ചു....
നിന്‍റെ ......
എല്ലാ വാക്കുകളും, വരകളും, വര്‍ണങ്ങളും  
എല്ലാ മൊഴികളും, ശ്രവണവും, ഖ്രാണവും
കാഴ്ചകളും,
പ്രണയവും
ലക്ഷ്യവും  
നീ പോലും  
ചുരുങ്ങി ചുരുങ്ങി.....
ഞാനായി... എന്‍റെ ആയി...
പക്ഷെ  നമ്മുടെ ആകാതെ ആയി.....
ഉസൈന്‍ ബോള്‍ട്ട് ....നീ ഇല്ലാതെ ആയി..
നീ   ഞാന്‍ ആയി.....
എനിക്ക് ശേഷം പ്രളയം....

Thursday, March 15, 2012

തന്ത ഇല്ലാത്തവന്‍

ഒരു മഞ്ഞ  പതിറ്റടിക്ക് ആണ് ചൂത് തുടങ്ങിയത്
കള്ളക്കളിയുടെ ആത്യന്തികമായ നേട്ടങ്ങള്‍ മനസിലാവാന്‍ പാകത്തില്‍
ഗീതയുടെ സാരോപദേശം ലാമിനേറ്റ്  ചെയ്തു  വെച്ചിരുന്നു

ദുര്യോധനന്‍ തന്ന 
കുപ്പി വെള്ളം കുടിച്ചാണു  കളി തുടങ്ങിയത്  ..
നേരത്തോടു നേരം കളിച്ചപ്പോള്‍  
നഷ്ടം ചത്തോഴിഞ്ഞ പിതൃ പരമ്പര മാത്രം
നന്നായി... തിരുനാവായയും തിരുനെല്ലിയും രാമേശ്വരവും പോകാതെ കഴിക്കാം..

ഇത്തവണ തിരുവാതിര ഞാറ്റുവേലയാണ് നഷ്ടം...
പകരം കുത്തിക്കഴിക്കേണ്ട വിത്ത് കിട്ടി..നൂറുമേനി
ചന്ദ്രനില്‍ ഒരു സാമ്രാജ്യം....
പിന്നെ...നെന്മാറ വേല ,ചിനക്കത്തൂര്‍ പൂരം...ആര്‍ക്കു വേണം...

കളി മണത്തു..കേട്ടു..കണ്ടു...
നവദ്വാരങ്ങളും കളിക്ക്  മാത്രമായി പകുക്കാതെ നല്‍കി ...

രണ്ടു ലഹരികളുടെ ഇടയില്‍
വിജയമായി  വന്നത് അവനായിരുന്നു  
അവന്‍ തന്നെ .....
ഇന്നലെ ...
ഞാന്‍ ഉടുമുണ്ടില്ലാതെ നടക്കുന്നു എന്ന് പൊതുനിരത്തില്‍ വച്ച് വിളിച്ചു പറഞ്ഞവന്‍...
ഉരുളയായി അവന്‍  തൊണ്ടയില്‍ കുടുങ്ങിഇയ നിമിഷം ....
പ്രളയത്തിനു ശേഷം  ആദി ശബ്ദം പോലെ
മഹാമൌനം പോലെ
വ്യക്തതക്കും അപ്പുറമുള്ള വ്യക്തതയായി....
അവന്റെ ശബ്ദം എന്നെ പൊതിഞ്ഞു.......
തന്ത ഇല്ലാത്തവന്‍.......
മൂട്ടില്‍ ഉയര്‍ന്ന ആല്‍ മരച്ചില്ലകളില്‍ തഴുകിയ കാറ്റില്‍ മയങ്ങി ....
ഞാന്‍ അടുത്ത ഉരുളക്കായി പാത്രം തേടി  .....